വെള്ളിയാറിന്റെ തീരം രചന: ചെമ്മാണിയോട് ഹരിദാസന്‍ വെള്ളിയാര്‍ പുഴയുടെ തീരത്തെ കൊച്ചു ഗ്രാമമാണ് ചെമ്മാണിയോട്. ഗ്രാമ ഭംഗി നഷ്ടപ്പെട്ട...
വെള്ളിയാറിന്റെ തീരം
രചന: ചെമ്മാണിയോട് ഹരിദാസന്‍
വെള്ളിയാര്‍ പുഴയുടെ തീരത്തെ കൊച്ചു ഗ്രാമമാണ് ചെമ്മാണിയോട്. ഗ്രാമ ഭംഗി നഷ്ടപ്പെട്ടിട്ടില്ലാത്ത ചെമ്മാണിയോട് പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവ് നിന്നും തുടങ്ങി മലപ്പുറം ജില്ലയിലെ കിഴക്കന്‍ ഏറനാടിന്‍റെ സിരാകേന്ദ്രമായ നിലമ്പൂരില്‍ അവസാനിക്കുന്ന സംസ്ഥാനപാത കടന്നുപോകുന്നത് ചെമ്മാണിയോടിന്‍റെ ഹൃദയത്തിലൂടെയാണ്. ഷോര്‍ണൂര്‍ - നിലമ്പൂര്‍ തീവണ്ടിപ്പാത കടന്നുപോകുന്നതും ഈ ഗ്രാമത്തിലൂടെ തന്നെയാണ്.
ചെമ്മാണിയോടെന്ന ഗ്രാമത്തിന്‍റെ നാമം ഉണ്ടായത് എങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല. ചെമ്മണ് നിറഞ്ഞ നാട് കാലാന്തരത്തില്‍ ചെമ്മാണിയോടായി പരിണമിച്ചതാകാമെന്ന് അനുമാനിക്കാം. കാരണം, ഈ പ്രദേശം ഇന്നും ചെമ്മണ്ണും ചെങ്കല്ലും നിറഞ്ഞതാണ്. ചെമ്പറമ്പ് എന്നൊരു സ്ഥലവും ഇവിടെ അടുത്തുണ്ട്.
വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ പരസ്പര സ്നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന ഗ്രാമമാണ് ചെമ്മാണിയോട്.
പുതിയേടത്ത് ശിവക്ഷേത്രം, പഴയേടത്തു മഹാവിഷ്ണു ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തോട്ടക്കടക്കാവ് അയ്യപ്പക്ഷേത്രം എന്നിവയാണ് ചെമ്മാണിയോട്ടെ ഹൈന്ദവ ആരാധനാകേന്ദ്രങ്ങള്‍. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തേര്‍പൂജാഘോഷമാണ് ഗ്രാമീണരുടെ ദേശീയോത്സവം. മുന്നൂറു വര്‍ഷം പഴക്കമുള്ള ഉച്ചാരക്കടവ് പഴയ ജുമാമസ്ജിദാണ് മുസ്ലിം ദേവാലയം.
ശതാബ്ദിയോടടുത്തുനില്‍ക്കുന്ന സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ ഗ്രാമത്തിന്‍റെ പ്രകാശഗോപുരമാണ്. അഞ്ചാം തരം കൂടി ഉള്‍പ്പെടുന്ന അപൂര്‍വ്വം എല്‍.പി. സ്കൂളുകളിലോന്നാണിത്. മുസ്ലിം ലീഗ് നേതാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലുള്ള ഒരു എയ്ഡഡ യു.പി. സ്കൂളും ഇവിടെയുണ്ട്. ഹൈസ്കൂള്‍ പഠനത്തിനായി ഇവിടത്തുകാര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്.
അടുത്തകാലംവരെ കാര്‍ഷികഗ്രാമമായിരുന്നു ചെമ്മാണിയോട്. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിച്ചു പോന്നു. എന്നാല്‍, കാലത്തിന്‍റെ മാറ്റം നെല്‍കൃഷി തീര്‍ത്തും അന്യമാക്കി. നെല്‍വയലുകള്‍, തെങ്ങ്, കമുക്, തോട്ടങ്ങള്‍ക്ക് വഴിമാറി. അവശേഷിക്കുന്ന വയലുകള്‍ നേന്ത്രവാഴ, മരച്ചീനി കൃഷി വേരുപിടിച്ചു. നെല്‍കൃഷി അന്യംനിന്നതോടെ കര്‍ഷക തൊഴിലാളികള്‍ക്ക് പണിയില്ലാതായി. അവരില്‍ പലരും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായി. കശുമാവ് കൃഷി ഇവിടെ വ്യാപകമായിരുന്നു. ചില കശുമാവ് തോട്ടങ്ങള്‍ ഇപ്പോള്‍ റബ്ബര്‍ തോട്ടങ്ങളുമായിട്ടുണ്ട്. അനിയന്ത്രിതമായ മണലെടുപ്പ് വെള്ളിയാര്‍പ്പുഴയെ ശ്വാസംമുട്ടിക്കുകയാണ്. ശരിക്കും വെള്ളിയാര്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. ഇതേ അവസ്ഥയാണ് പുഴയുടെ കൈവരികളായ തോടുകള്‍ക്കും. നെല്‍വയലുകള്‍ അപ്രത്യക്ഷമായപ്പോള്‍ അവിടങ്ങളിലെ പരമ്പരാഗതമായ തണ്ണീര്‍തടങ്ങളും കിണറുകളും കുളങ്ങളുമെല്ലാം നികന്നു. ഇതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായി.
ചെമ്മാണിയോടിന്റെ അടയാളമായിരുന്നു ഉണ്യാലന്‍പറമ്പ്. ഗ്രാമനിവാസികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ എത്തിനില്‍ക്കുക വിസ്തൃതമായിരുന്ന ഈ മൈതാനത്തിന്‍റെ മനോഹാരിതയിലാണ്. പണ്ടത്തെ വേനല്‍ക്കാലങ്ങളില്‍ ഇവിടെ സര്‍ക്കസ് സംഘങ്ങള്‍ തമ്പടിക്കുമായിരുന്നു. യാതൊരു വിനോധോപാധികളും ഇല്ലാതിരുന്ന അന്നത്തെ ഗ്രാമീണരുടെ ആശ്വാസമായിരുന്നു ഈ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍.
വിജ്ഞാന വ്യാപനരംഗത്ത് അരനൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി നില്‍ക്കുന്ന വാസുദേവ സ്മാരക വായനശാല ഗ്രാമത്തിന്‍റെ അഗ്നിജ്വാലയാണ്. സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഈ വായനശാല ഇന്ന് റഫറല്‍ ലൈബ്രറി കൂടിയാണ്. കലാ സാംസ്കാരിക രംഗത്ത് ഗ്രാമത്തിന്‍റെ യശസ്സ് അന്യദേശങ്ങളില്‍പ്പോലുമെത്തിച്ച ചെമ്മാണിയോട് കലാസമിതിയെ കുറിച്ച് ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല.
വേനല്‍ കാലത്ത് ആയിരങ്ങളുടെ ദാഹമകറ്റിയിരുന്ന കിട്ടുണ്ണി നായരുടെ മോര് വെള്ളത്തിന്‍റെയും അയുപ്പന്‍ എഴുത്തച്ഛന്‍റെ ചായക്കടയിലെ പരിപ്പുവടയുടെയും ഹംസാക്കയുടെ ഉണ്ടയുടെയും രുചി പഴയ തലമുറയിലുള്ളവരുടെ നാവില്‍ ഇന്നുമുണ്ടാകും.
***********************
- സമകാലികം മലയാളം വാരികയില്‍ വന്ന ലേഖനം
COMMENTS