ദീപാവലി അഖിലേന്ത്യാതലത്തില്‍ ആഘോഷിക്കപ്പെടുന്ന ഹൈന്ദവോത്സവം. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആഘോഷങ്ങ...
ദീപാവലി
അഖിലേന്ത്യാതലത്തില്‍ ആഘോഷിക്കപ്പെടുന്ന ഹൈന്ദവോത്സവം. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കിലും ഏതെങ്കിലും രീതിയില്‍ വെളിച്ചത്തിന്റെ ഒരുത്സവമായി ഇത് കരുതപ്പെടുന്നുണ്ട്. ദീപങ്ങളുടെ കൂട്ടം (ദീപ + ആവലി) എന്നാണ് ദീപാവലി എന്ന വാക്കിന് അര്‍ഥം. പല ദിക്കിലും ദീപങ്ങള്‍ കത്തിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലിക്ക് നരകചതുര്‍ഥി എന്ന പേര് ചില പ്രദേശങ്ങളിലുണ്ട്. ദീവാലി എന്ന പേരാണ് ഉത്തരേന്ത്യയിലുള്ളത്. മലയാളത്തില്‍ 'ദീവാലി' എന്നത് 'ദീവാളി കുളിക്കുക' (എല്ലാം ചെലവു ചെയ്ത് തീര്‍ക്കുക) എന്ന ശൈലിയില്‍ക്കാണാം.
തുലാമാസ(ഒക്ടോബര്‍-നവംബര്‍)ത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്. ഒരു വ്രതാനുഷ്ഠാനംപോലെ ആരംഭിക്കുകയും പില്ക്കാലത്ത് ഉത്സവമായി മാറുകയും ചെയ്തു എന്നു കരുതപ്പെടുന്നു. ഇതിനു പിന്നിലുള്ള വിശ്വാസം പ്രധാനമായും മൂന്ന് രീതിയിലാണ്.
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ് ഒരു വിശ്വാസം. നരകാസുരന്റെ അതിക്രമങ്ങള്‍ അനുദിനം കൂടുകയും ദേവലോകത്തുവരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ സത്യഭാമയോടൊന്നിച്ച് ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷമെന്ന നരകാസുര രാജ്യത്തിലെത്തി. യുദ്ധത്തില്‍ നരകനെ വധിക്കുകയും അയാള്‍ തടവിലാക്കിയിരുന്ന 16,000 സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ആ സ്ത്രീകള്‍ വിളക്കുകള്‍ കത്തിച്ച് ഭഗവാനോട് സന്തോഷം അറിയിച്ചുവത്രെ. ഈ സ്ത്രീകളെയും ചേര്‍ത്താണ് ശ്രീകൃഷ്ണന് 16,008 ഭാര്യമാരുണ്ടെന്ന പുരാവൃത്തം ഉണ്ടായതെന്നും അഭിപ്രായമുണ്ട്.
വാമനന്‍ മഹാബലിയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തിയ ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്ന ഒരു വിശ്വാസവും കേരളത്തില്‍ നിലനില്ക്കുന്നു.
ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലി രാവണവധം നടന്നതിന്റെ സ്മരണ പുതുക്കലാണ്. രാവണവധാനന്തരം ശ്രീരാമന്‍ സീതാസമേതനായി അയോധ്യയിലെത്തിയപ്പോള്‍ നഗരവാസികള്‍ അവരെ ദീപങ്ങള്‍ കത്തിച്ച് വരവേറ്റതിന്റെ സ്മരണയാണത്രെ ദീപാവലി. വിക്രമ പഞ്ചാംഗമനുസരിച്ച് ദീപാവലി പുതുവര്‍ഷപ്പുലരിയാണ്. ജൈനമതക്കാര്‍ മഹാവീരന്റെ ജന്മദിനമായാണ് ദീപാവലി കൊണ്ടാടുന്നത്.
COMMENTS