രചന: ഷാജി മേലാറ്റൂർ, ബുറൈദ - സൗദി അറേബ്യ ചുടുകാറ്റിന്റെ ചിറകടിയൊച്ചയിൽ കുന്നിൻ മുകളിലെ വെടിയേറ്റ് മരിച്ചവന്റെ സ്മാരകം ചുവക്കുന്നു. താഴ്വാരത്...
ചുടുകാറ്റിന്റെ ചിറകടിയൊച്ചയിൽ
കുന്നിൻ മുകളിലെവെടിയേറ്റ് മരിച്ചവന്റെ
സ്മാരകം ചുവക്കുന്നു.
താഴ്വാരത്തിലെ
കാരക്ക മരങ്ങൾ
കനകപ്പൂങ്കുലകൾ തൂങ്ങി
മറ്റൊരു വസന്തത്തിലേക്ക് കൂടി
നിഴലാട തുന്നുന്നു!
റുബയ്യ!
ച്ചുട്ടടുക്കിയ
ഇഷ്ടിക ചുമരുകളില്‍
നിന്റെ നാമം
ആദ്യമായി കൊത്തിവച്ചതാര്?
ഒട്ടകം മണം നിറഞ്ഞ
കാവല്‍ കൂടാരങ്ങളെ
മണലാഴിയുടെ
ഹൃദയത്തിലേക്ക്
പറത്തിക്കൊണ്ടു പോയതാരാണ്?
റുബയ്യ!
തരുമോ ഒരു ദിനം കൂടി,
ഒരിക്കല്‍
ഞാന്‍ തിരിച്ചു വരും.
ബാങ്കൊലികളുടെ
മിനാരത്തിലേക്ക്
മണലാഴി നീന്തി വരുന്ന
പ്രാവിന്‍ കൂട്ടത്തെ രാപാര്‍ക്കാന്‍.
മണലിരുട്ടില്‍ മൂടുപടം മാറ്റി
മാനത്തു കണ്ണികള്‍
നിലാവ് തൂകുന്ന
രാത്രിയുടെ മടിയില്‍
തല ചായ്ക്കാന്‍.
പിന്നെ
രക്തസാക്ഷിയുടെ
സ്മാരകസ്തൂപത്തിനരികിലിരുന്ന്
ഒരുവരികൂടി
ഞാനെഴുതും.
ഒരേ ഒരു വരി മാത്രം
ലാല്‍സലാം റുബയ്യ...
***********************
COMMENTS