രചന: ഷാജി മേലാറ്റൂർ, ബുറൈദ - സൗദി അറേബ്യ ലാപ്ടോപിന്റെ ചത്വര വിതാനത്തിലേക്ക്കണ്ണുകള്‍ കൂര്‍പ്പിച്ചിരിക്കുകയായിരുന്നു അപ്പുവും കൂട്ടുകാ...
രചന: ഷാജി മേലാറ്റൂർ, ബുറൈദ - സൗദി അറേബ്യ
ലാപ്ടോപിന്റെ ചത്വര വിതാനത്തിലേക്ക്കണ്ണുകള്‍ കൂര്‍പ്പിച്ചിരിക്കുകയായിരുന്നു അപ്പുവും കൂട്ടുകാരും. പതുപതുഞ്ഞ മെത്തയില്‍ 'റ' ആകൃതിയില്‍ ഇരുന്നും കിടന്നും ചുമരിലേക്ക് കാലുകള്‍ പൊക്കിവച്ചും കാഴ്ചയുടെ ഒരു നയാനന്ദ കേളീരവം. കിതച്ച് പ്രാഞ്ചി മുത്തശ്ശി സംഭാരവുമായി മുറിയിലേക്ക് വന്നത് അവനൊട്ടും ദഹിച്ചില്ല. സ്വകാര്യതയ്ക്ക് ഭംഗം നേരിട്ടതിലുള്ള സ്തോഭം അവന്റെ മുഖത്തേക്കിരച്ചു കയറി. ഒട്ടിയ കവിളില്‍ തിളങ്ങുന്ന വാത്സല്യപ്പുഞ്ചിരിയോടെ ശുഷ്കിച്ച കൈകളില്‍ തുളുമ്പുന്ന സംഭാരം നിറച്ച ട്രേയുമായി മുത്തശ്ശി അവര്‍ക്കരികിലെത്തിയതും കോപത്തോടെ ട്രേ തട്ടിപ്പറിച്ച് അവന്‍ സംഭാരം കൂട്ടുകാര്‍ക്ക് കൈമാറി. മുത്തശ്ശി തിരിഞ്ഞ് നടക്കാനാഞ്ഞതാണ് ചെവിവട്ടത്തില്‍ വേര്‍തിരിച്ചെടുക്കാനാവാത്ത ഒരു ശബ്ദം പാതിമെയ്യോടെ അലച്ച് വീണു. നരച്ച കണ്‍പീലികള്‍ക്ക് മേല്‍ ഇടതു കൈത്തലം ചെരിച്ച് ചുമരിലേക്ക് ചാരി മുത്തശ്ശി പരന്ന കവിള്‍ വിടര്‍ത്തി ചിരിച്ചു.
"എന്നതാ അപ്പൂഞ്ഞേ അത്, മുത്തശ്ശിയുടെ പടം വല്ലതുമാണോ, കഴിഞ്ഞ തിരുവോണത്തിലെ ?"
"ഉവ്വന്നെ, ക്വോണം."
അപ്പുവിന്റെ പരിഹാസത്തിലേക്ക് ഒളികണ്ണിട്ട് കൂട്ടുകാര്‍ മുഖമമര്‍ത്തിചിരിച്ചു. മുത്തശ്ശി പിന്നെയും അവിടെ തറഞ്ഞ് നില്‍ക്കുകയാണെന്ന് ദ്യോതിച്ചപ്പോള്‍ അവര്‍ യൂടൂബില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. അരുണും എല്‍ദോയും താഴ്ന്ന ശബ്ദത്തില്‍ അപ്പുവിനോട് ആശങ്കപ്പെട്ടു.
"ഡേയ് അപ്പൂ, വല്ലതും കണ്ടിട്ടുണ്ടാവുമോടെയ് ?"
"പോടെയ്, കണ്ണ് പിടിക്കത്തില്ല. കാണുന്നതെല്ലാം ഫോകസൗട്ടാ... ജാമ്പവാന്റെ കാലത്തെ പഴക്കം കാണുമോടെയ്..."
അപ്പുവിന്റെ തമാശയിലേക്ക് ആർത്ത് ചിരിച്ച് വീണു കൂട്ടുകാർ. അതിന്റെ മുഴക്കത്തിലേക്ക് അപ്പാടെ മുങ്ങിപ്പോയി പാതിവിറച്ച്, വേരറ്റുപോകുന്ന ഒരാൽ മരം കണക്കെ ചുമരിനോട് ചേർന്ന് വച്ചു പോകുന്ന മുത്തശ്ശിയുടെ വാത്സല്യശബ്ദം.
"അപ്പൂഞ്ഞെ, ന്റെ കുട്ട്യാളോട് വയറ് നിറച്ചുണ്ടിട്ട് പോയാൽ മതീന്ന് പറേണം... ഉപ്പിലിട്ട കടുമാങ്ങേം പുളിശീരിണ്ട്... അപ്പൂന്റെ മുത്തശ്ശി ണ്ടാക്കീത്... മറക്കണ്ടാട്ടോ..."
***********************
COMMENTS