അല്ലാഹുവിനു പ്രിയപ്പെട്ടവന്‍ രചന: ഗിഫു മേലാറ്റൂര്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പരിശുദ്ധ മക്കയിലും സമീപ പ്രദേശങ്ങള...
അല്ലാഹുവിനു പ്രിയപ്പെട്ടവന്‍
രചന: ഗിഫു മേലാറ്റൂര്‍
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പരിശുദ്ധ മക്കയിലും സമീപ പ്രദേശങ്ങളിലുമായി വന്നു ചേര്‍ന്ന് പുണ്യകര്‍മമായ ഹജ്ജ് ചെയ്യുകയാണ്. പണക്കാരനും പാവപ്പെട്ടവനും അടിമയും ഉടമയുമെല്ലാം അവിടെ സമന്മാരാണ്. ഏവര്‍ക്കും ഒരേയൊരു വേഷം, ഭാഷ, ആചാരനുഷ്ടാനങ്ങള്‍, ഒരേ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍... ‘അല്ലയോ, അല്ലാഹുവേ, നിന്‍റെ വിളി കേട്ട് ഞങ്ങളിതാ നിന്നടുക്കല്‍ വന്നിരിക്കുന്നു...’
മഹത്തായ ഹജ്ജ് നിര്‍വ്വഹിച്ച് ചാരിതാര്‍ത്ഥ്യത്തോടെ എല്ലാവരും പുണ്യഭൂമിയോട് വിടചൊല്ലുകയാണ്. ബസ്റയില്‍ നിന്ന് വന്ന മുറാദ് എന്ന കച്ചവടപ്രമുഖന്‍ എന്തുകൊണ്ടോ മക്ക വിട്ടുപോകാന്‍ മനസ്സുവന്നില്ല. ഇനിയുമെന്തെല്ലാമോ ചെയ്യാനുണ്ട് എന്ന ചിന്ത അയാളെ ഉലച്ചുകൊണ്ടിരുന്നു. തീര്‍ത്ഥാടകരെ ലക്ഷ്യത്തിലെത്തിക്കാനും മറ്റുമായി മുറാദ് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ ക്ഷീണം ബാധിച്ച് മുറാദ് മക്കയിലെ ‘അല്‍ഹറം പള്ളിയില്‍’ ഉറങ്ങിപ്പോയി. അപ്പോള്‍ സ്വപ്നത്തില്‍ ഒരു അശരീരി ശബ്ദം മുറാദ് കേട്ടു.
മക്കയില്‍ വരാത്ത ‘അഹ്മദ് ഇബ്നു മാജ’ എന്നാ ബാഗ്ദാദ് നിവാസിയായ ചെരിപ്പുകുത്തിയുടെ ഹജ്ജാണ് ഇത്തവണ അല്ലാഹുവിങ്കല്‍ ആദ്യം സ്വീകരിക്കപ്പെട്ടിരിക്കുന്നത്!
മുറാദ് ഞെട്ടിയുണര്‍ന്നു.
അശരീരി അയാളുടെ കാതുകളില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. അല്‍ ഹറം പള്ളിയും പരിശുദ്ധ കഅബാലയവും വിശ്വാസികളാല്‍ നിറഞ്ഞിരിക്കുന്നു. പിന്നീട് മുറാദ് താന്‍ കണ്ട സ്വപ്നത്തെ കുറിച്ചു. ഹജ്ജ് കര്‍മ്മം പൂര്‍ണമാവണമെങ്കില്‍ മക്കയിലും അറഫയിലും വരണം ഇതൊന്നുമില്ലാതെ അഹ്മദ് എന്ന ബാഗ്ദാദുകാരന്‍ ചെയ്ത ഹജ്ജ് എങ്ങനെ അല്ലാഹുവിനടുക്കല്‍ ആദ്യം സ്വീകരിക്കപ്പെട്ടു?
ഇതിന്‍റെ കാര്യമറിഞ്ഞിട്ടു മതി നാട്ടിലേക്കുള്ള മടക്കം.
അപ്പോള്‍ത്തന്നെ മുറാദ് ബാഗ്ദാദിലേക്ക് പുറപ്പെട്ടു. കഷ്ടപ്പാടുകള്‍ സഹിച്ച് പുണ്യ പ്രവര്‍ത്തി ചെയ്തവരെക്കാള്‍, മക്കയില്‍ തന്നെ കാലുകുത്താതെ അഹ്മദ് എന്ന ചെരുപ്പുകുത്തിയെ ബാഗ്ദാദിലെ ഒരു കുഗ്രാമത്തില്‍ കണ്ടുമുട്ടി. ഇടിഞ്ഞു വീഴാറായ തന്‍റെ ചെറ്റകുടിലിനു മുന്നിലിരുന്നു പാദരക്ഷകള്‍ തുന്നുകയായിരുന്നു. ദരിദ്രനായ അഹ്മദ് അപ്പോള്‍
തനിക്ക് പാദരക്ഷകള്‍ വേണമെന്ന് പരിചയപ്പെടുത്തിയായിരുന്നു മുറാദ് അഹ്മദിനോട് സംസാരിക്കാന്‍ തുടങ്ങിയത്. ‘ഹജ്ജിനു പോയിട്ടുണ്ടോ’ എന്ന ചോദ്യത്തിന് ഉത്സാഹത്തോടെയാണ് അഹ്മദ് മറുപടി പറഞ്ഞത്.
‘എന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹജ്ജ് നിര്‍വ്വഹിക്കുക എന്നത്. എന്നാല്‍, ഇതുവരെ എനിക്കതിനു ഭാഗ്യമുണ്ടായിട്ടില്ല. നാല്‍പ്പതു വര്‍ഷമായി ഞാന്‍ അതിനു പണം സ്വരൂപിക്കുന്നു. ഓരോ കൊല്ലവും തീരെ ചെറിയ തുക മാത്രമേ എനിക്ക് നീക്കിവെക്കാന്‍ സാധിക്കാറൊള്ളൂ. ഈ വര്‍ഷം എനിക്കതിനു കഴിഞ്ഞു...’
‘പണം തികഞ്ഞുവെന്നാണോ..?’
‘അതെ , അവസാന നേരത്ത് എനിക്കത് മാറ്റിവെക്കേണ്ടി വന്നു...’
‘എന്തുപറ്റി? പണം അപഹരിക്കപ്പെട്ടോ..?
‘അല്ല, എന്‍റെ ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കാന്‍ തക്ക ഒരു സംഭവമുണ്ടായി, താങ്കള്‍ അത് കേള്‍ക്കൂ... എന്‍റെ ഇളയമോള്‍ അടുത്ത വീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു, ഒരു ദിവസം. അപ്പോള്‍ ആ വീട്ടുകാര്‍ ആഹാരം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. മാംസം കണ്ടപ്പോള്‍ എന്‍റെ മോള്‍ക്കും കൊതിയായി, അവള്‍ ഒരു കഷ്ണം മാംസം ചോദിച്ചെങ്കിലും ആ വീട്ടുകാര്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. മോള്‍ കരഞ്ഞുകൊണ്ട് ഓടി വന്ന് എന്നോട് കാര്യം പറഞ്ഞു. കേട്ടപ്പോള്‍ എനിക്കും അതിയായ സങ്കടം വന്നു.’
‘എന്നിട്ട്?’
‘ഞാന്‍ അയല്‍ക്കാരന്‍ കേള്‍ക്കെ സ്വല്പം ശബ്ദമുയര്‍ത്തി ഇങ്ങനെ പറഞ്ഞു: ഇത് ക്രൂരത തന്നെയാണ്. ഒരു കൊച്ചുകുട്ടി അല്‍പം മാംസം ചോദിച്ചിട്ട് നല്‍കാത്തത് ദുഷ്ടത്തരം തന്നെയാണ്. നാളെ പടച്ച തമ്പുരാന്‍ ചോദിച്ചോളും.’
അപ്പോള്‍ അയല്‍ക്കാരന്‍ എന്‍റെയടുക്കലേക്ക് ഓടി വരുന്നത് കണ്ടു. അയാള്‍ വേദനയോടെ എന്നോടിപ്രകാരം പറഞ്ഞു: ‘എന്നോട് പൊറുക്കണേ ചങ്ങാതീ... നിങ്ങളുടെ കുട്ടി മാംസം ചോദിച്ചിട്ട് നല്‍കാത്തതിന്‍റെ കാര്യം കേള്‍ക്കൂ... കഴിഞ്ഞ മൂന്നു നാലു ദിനങ്ങളായി ഞാനും എന്‍റെ കുടുംബവും പട്ടിണിയിലായിരുന്നു. തളര്‍ന്നുറങ്ങിയ എന്‍റെ കുട്ടികളെ കണ്ടപ്പോള്‍ ഞാന്‍ പുറത്തേക്ക് പോയി. വഴിയില്‍,എന്തോ അസുഖം മൂലം ചത്തുകിടക്കുകയായിരുന്ന ഒരു ആടിനെ ഞാന്‍ വീട്ടില്‍ കൊണ്ടുവന്നു. അതാണ് ഞാനും കുടുംബവും കഴിച്ചുകൊണ്ടിരുന്നത്. ആ നിഷിദ്ധമായ ആഹാരം ഞാനെങ്ങനെ നിങ്ങളുടെ പൊന്നു മകള്‍ക്ക് നല്‍കും..?’
‘അയല്‍ക്കാരന്‍റെ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. എന്‍റെ അയല്‍ക്കാരന്‍ വിശന്നിരുന്നപ്പോള്‍ ഞാന്‍ ആഹാരം കഴിച്ചിരുന്നു. അയാളും കുടുംബവും പട്ടിണിയായത്തില്‍ ചെറുതല്ലാത്തൊരു പങ്ക് എനിക്കുമില്ലേ എന്ന് എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറയുംപോലെ എനിക്ക് തോന്നി, അറിയാതെയാണെങ്കിലും എന്‍റെ പരുഷമായ ശകാരത്തിനു ഞാന്‍ അയാളോട് മാപ്പിരന്നു.’
‘എന്നിട്ട് നിങ്ങള്‍ എന്ത് ചെയ്തു, അഹ്മദ്?’ മുറാദിന് അകാംഷയായി
‘ഹജ്ജിനു വേണ്ടി സ്വരൂപിച്ച പണസഞ്ചി കയ്യിലെടുത്തപ്പോള്‍ എനിക്ക് തോന്നി, പട്ടിണി കൊണ്ട് പൊറുതിമുട്ടിയ ആ സഹോദരന് സഹായിക്കുന്നതിളല്ലേ, മക്കയില്‍ പോകുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടമാവുക? അതല്ലേ വലിയ പുണ്യം? കൂടുതലൊന്നും നോക്കാതെ പണമത്രയും ഞാന്‍ അയല്‍ക്കാരന് നല്‍കി...’
‘ഞാന്‍ സര്‍വ്വ ശക്തനോട് പറഞ്ഞു, ഇതാണ് എന്‍റെ ഹജ്ജ് ഈ കട്ടില്‍ തന്നെയാണ് എന്‍റെ മക്കയും ഹറഫയും. അതിനാലായിരുന്നു എനിക്ക് മക്കയിലെത്താന്‍ സാധിക്കാതിരുന്നത്. സര്‍വ്വ ശക്തന്‍ എന്‍റെ മനസ്സ് കാണില്ലേ,ചെങ്ങാതീ...?
മുറാദിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
ദരിദ്രനായ അഹ്മദിനെ അടങ്കം പുണര്‍ന്നുകൊണ്ട് മുറാദ് പറഞ്ഞു:
‘പ്രിയപ്പെട്ട അഹ്മദ്, നിങ്ങള്‍ തന്നെയാണ് അല്ലാഹുവിന് പ്രിയപ്പെട്ടവന്‍ നിങ്ങളുടെ ആ മഹാപുണ്യം എത്തേണ്ടിടത്ത് തന്നെ എത്തിയിരിക്കുന്നു... വിശന്നു പൊരിയുന്നവന് ആഹാരം നല്‍കുന്നത്ര പുണ്യപ്രവര്‍ത്തി മറ്റെന്താണ്? ഇക്കൊല്ലം നിങ്ങളുടെ ഹജ്ജ് തന്നെയാണ് ആദ്യം സ്വീകരിക്കപ്പെട്ടിട്ടുള്ളത്...’
മുറാദിന്‍റെ വാക്കുകള്‍ കേട്ട് അഹ്മദ് ബിനു മാജയുടെ കണ്ണുകള്‍ ഈറനായി.
...................................................................
COMMENTS